മഞ്ചേരി മെഡിക്കൽ കോളജിന്റെ ദുരവസ്ഥ: കളക്ടർക്ക് നിവേദനം നൽകി
1540489
Monday, April 7, 2025 5:27 AM IST
മഞ്ചേരി: പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി എത്തുന്ന മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് വികസന സമിതിയംഗം സി.ടി. രാജു കളക്ടർക്ക് നിവേദനം നൽകി.
എമർജൻസി ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേഷൻ കാഷ്വാലിറ്റി ഐസിയു, കാർഡിയോളജി ഐസിയു, എല്ലാ വിഭാഗത്തിനും സൂപ്പർ സ്പെഷാലിറ്റി ഡിപ്പാർട്ട്മെന്റ്, പ്രധാന റോഡ് വീതി കൂട്ടൽ എന്നിവ അടിയന്തരമായി ചെയ്യേണ്ടതിന്റെ ആവശ്യകത നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മലപ്പുറം റോഡിൽ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള റോഡ് എട്ടു മീറ്റർ വീതിയുണ്ടെങ്കിലും മെയിൻ റോഡിൽ നിന്ന് കയറി വരുന്ന ഭാഗത്ത് ആറു മീറ്റർ മാത്രമാണുള്ളത്. ഇതിന് പരിഹാരമായി ആശുപത്രി ചുറ്റുമതിൽ പൊളിക്കുകയോ തൊട്ടടുത്തുള്ള പുറന്പോക്ക് ഭൂമി ഉപയോഗപ്പെടുത്തുകയോ ചെയ്യണം.
രോഗികളുമായി എത്തുന്ന ആംബുലൻസുകളും മറ്റും ഈ ഭാഗങ്ങളിൽ ഗതാഗത തടസം നേരിടുന്നത് നിത്യസംഭവമാണ്.
പ്രദേശത്ത് പോലീസ് നിർദേശം വകവയ്ക്കാതെ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും നിരവധിയാണെന്നും ജില്ലാ കളക്ടറും മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി ചെയർമാനുമായ വി.ആർ. വിനോദിന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.