പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ്
1540066
Sunday, April 6, 2025 5:45 AM IST
നിലന്പൂർ: പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വർഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ. മന്പാട് കൊന്നാഞ്ചേരി താണിയേങ്ങൽ അബ്ദുൾസലാമി (28)നെതിരേയാണ് നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവും അനുഭവിക്കണം. 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയുടെ വീട്ടിലേക്ക് പ്രതി പല ദിവസങ്ങളിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും പീഡനം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
നിലന്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി. വിഷ്ണുവാണ് കേസ് അന്വേഷിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം. കെ. ഫ്രാൻസിസ് ഹാജരായി. 23 സാക്ഷികളെ വിസ്തരിച്ചു.
22 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.