ജീവനക്കാരെ നിയമിച്ചില്ല: അങ്ങാടിപ്പുറം പഞ്ചായത്തിന് നഷ്ടമായത് നാല് കോടി
1540484
Monday, April 7, 2025 5:27 AM IST
അങ്ങാടിപ്പുറം: എൻജിനിയറിംഗ് വിഭാഗത്തിലെ ഒഴിവുകൾ നികത്താത്തതിനാൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് നാല് കോടിയോളം രൂപ സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രസിഡന്റ് കെ.പി. സഈദ ആരോപിച്ചു. എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ വിളിച്ച് നടത്തേണ്ടിയിരുന്ന നിർമാണ പ്രവൃത്തികളിൽ മിക്കവയും നടത്താൻ കഴിയാത്ത സ്ഥിതിയായി.
റോഡ് റിപ്പയറിംഗിനും റീടാറിംഗിനുമായി മാത്രം 217 പദ്ധതികൾ ഉണ്ടായിരുന്നതിൽ 166 പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ചൂണ്ടിക്കാട്ടി. ഇവയാകട്ടെ മുൻ വർഷത്തെ (2023-24) സ്പിൽഓവറും ആയിരുന്നു.
റോഡ് പുനരുദ്ധാരണം ഒഴികെ മറ്റു വിവിധ പ്രവൃത്തികളുടെ പ്രൊജക്ടുകൾ 20 എണ്ണം ഉണ്ടായിരുന്നു. ഇവക്കെല്ലാം എസ്റ്റിമേറ്റ് തയാറാക്കുവാനോ സാങ്കേതികാനുമതിക്ക് അയക്കുവാനോ ടെൻഡർ ക്ഷണിക്കുവാനോ ഉദ്യോഗസ്ഥൻമാർ ഇല്ലാതെ മാസങ്ങളോളം ഈ വിഭാഗം ശൂന്യമായിരുന്നുവെന്ന് ഇരുവരും പറയുന്നു.
ഓവർസിയർമാർ മാസങ്ങളോളം അഡീഷണൽ ചാർജിൽ രണ്ടുദിവസം അതിഥികളെ പോലെ വന്നു പോവുകയായിരുന്നു. 2023 ജൂലൈയിൽ പഞ്ചായത്തിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയറെയും തേർഡ് ഗ്രേഡ് ഓവർസിയറെയും സ്ഥലം മാറ്റിയതിനുശേഷം ഏഴ് മാസം കഴിഞ്ഞാണ് മറ്റൊരാൾ വന്നത്. 2024 സെപ്തംബറിൽ അദ്ദേഹവും പോയി. പിന്നീട് ഇതുവരെയും ഓവർസിയർമാരെ നിയമിച്ചിട്ടില്ല.
എസ്റ്റിമേറ്റുകൾ തയാറാക്കേണ്ടത് ഓവർസിയർമാരാണ്. വീട് റിപ്പയറിംഗ് പൂർത്തിയാക്കിയാൽ അവ പരിശോധിച്ച് അളവുകൾ രേഖപ്പെടുത്തി ചെലവ് നിർണയിക്കേണ്ടതും ഓവർസിയർമാരാണ്.
ഇതു കാരണം റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് വകയിരുത്തിയിരുന്ന 6.74 കോടി രൂപയിൽ 3.80 രൂപ മാത്രമാണ് ചെലവായത്. 2.94 കോടി രൂപ സർക്കാർ നഷ്ടപ്പെടുത്തി. മറ്റ് നിർമാണ പ്രവൃത്തികളിലെല്ലാം കൂടിയാണ് നാല് കോടിയോളം രൂപ നഷ്ടമായതെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തമാക്കി.