മയക്കുമരുന്നുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
1532523
Thursday, March 13, 2025 5:41 AM IST
മഞ്ചേരി : മയക്കുമരുന്ന് സഹിതം ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം മഞ്ചേരിയിൽ വച്ച് പിടികൂടി. ഉത്തർപ്രദേശ് റായ്ബറേലി ഉത്തരഗൗരി സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പദ്ധതിയുടെ ഭാഗമായി മഞ്ചേരി മുള്ളന്‍പാറ നെച്ചിക്കുണ്ടിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 10.103 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. മലപ്പുറം ഇന്റലിജൻസ് വിഭാഗം എക്സൈസ് ഇന്‍സ്പെക്ടർ ടി.ഷിജുമോൻ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും ഉത്തര മേഖല കമ്മീഷണർ സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ മയക്കുമരുന്നു സഹിതം പിടികൂടിയത്. ആവശ്യക്കാർക്ക് പ്ലാസ്റ്റിക് ഡപ്പിയിലാക്കിയാണ് ഹെറോയിൻ വിൽപ്പന നടത്തിയിരുന്നത്.
നിരവധി പ്ലാസ്റ്റിക്ക് ഡപ്പികളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. വിജയൻ, കെ. പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. അഖിൽദാസ്, വി. സച്ചിൻദാസ്,
എം. വിനിൽകുമാർ, ജിഷിൽ നായർ, സി.ടി. അക്ഷയ്, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.കെ. നിമിഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.