നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ
1532237
Wednesday, March 12, 2025 5:40 AM IST
മഞ്ചേരി: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധ നടത്തി. സർക്കാർ നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പേപ്പർ കപ്പ്, പ്ലേറ്റ്, ക്യാരി ബാഗുകൾ, 300 മില്ലി ലിറ്റർ ബോട്ടിൽ വെള്ളം എന്നിവ വിൽപനക്കായി സൂക്ഷിച്ചതിന് വിവിധ സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകി.
സ്ഥാപനത്തിലെ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ സേനക്ക് കൈമാറാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പിഴ ചുമത്തി. വിൽപനക്കായി സൂക്ഷിച്ച സാധനങ്ങൾ പിടിച്ചെടുത്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നിർദേശ പ്രകാരം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. റഷീദുദീൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് റെജി തോമസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റിൽജു മോഹൻ, സി. രതീഷ്, ഡ്രൈവർ സജാദ് സഹീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.