വീട്ടിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച പ്രതി പിടിയിൽ
1532512
Thursday, March 13, 2025 5:32 AM IST
കൊളത്തൂർ: കുരുവന്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കാർപോർച്ചിൽ നിർത്തിയിട്ട മഹീന്ദ്ര താർ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ കൊളത്തൂർ പോലീസ് പിടികൂടി.
മൂർക്കൻ ചോലയിൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി മുക്കം മേലാത്തുവരിക്കർ വീട്ടിൽ അബ്ദുൾ ജലാൽ(46) പെട്രോളൊഴിച്ച് കത്തിച്ചത്. മുൻവൈരാഗ്യത്തെ തുടർന്ന് രാത്രി 12 മണിയോടെ കുരുവന്പലത്തുള്ള വീട്ടിൽ ബൈക്കിലെത്തിയ അബ്ദുൾ ജലാൽ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
കൃത്യം നടത്തി ഒളിവിൽ പോയ ഇയാൾ പോലീസിനെ കബളിപ്പിക്കാൻ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കൾക്കും മറ്റും അയക്കുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ നന്പറുകളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് പോലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ എസ്ഐമാരായ ശങ്കരനാരായണൻ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ, സജി, ഗിരീഷ്, സജീർ, വിജയൻ, സുധീഷ്, ഉല്ലാസ്, സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.