കരുവാരക്കുണ്ടിൽ കടുവാ സാന്നിധ്യം; കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്
1532209
Wednesday, March 12, 2025 5:10 AM IST
കരുവാരകുണ്ട്: കഴിഞ്ഞദിവസം കരുവാരകുണ്ടിൽ കടുവയെ കണ്ടതോടെ വനംവകുപ്പ് നടത്തിയ തെരച്ചിലിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന് മൂന്നിടത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തി.
കടുവ ഭക്ഷിച്ച കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ ഈ ഭാഗങ്ങളിൽ കാണപ്പെട്ടു. ഇതോടെ ദിവസങ്ങളായി കടുവ ഈ പ്രദേശത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കേരള എസ്റ്റേറ്റ് ചീനിപ്പാടം മേഖല കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണെന്നും ഇവയെ ഇരയാക്കാനാണ് കടുവ ഇവിടെ നിലയുറപ്പിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേരള എസ്റ്റേറ്റ്, പാന്തറ ഭാഗങ്ങളിൽ വർഷങ്ങൾക്കു മുന്പുതന്നെ കടുവകളെ പ്രദേശവാസികളും തൊഴിലാളികളും കാണാറുണ്ടെന്നും ഇതേപറ്റി അധികൃതരുമായി പങ്കുവച്ചാലും നടപടി ഉണ്ടാകാറില്ലെന്നും നാട്ടുകാർ പറയുന്നു. കടുവയെ കാട്ടിലേക്ക് തിരികെ കയറ്റാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തിവരുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പധികൃതർ പറഞ്ഞു.
ജനവാസ കേന്ദ്രത്തിലാണ് കടുവയുടെ സാന്നിധ്യമെന്നതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ഡിഎഫ്ഒ ധനികലാൽ, റേഞ്ച് ഓഫീസർ പി. രാജീവ്, ആർആർടി ഓഫീസർ മുബഷീർ, ഓഫീസർ അൽത്താഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനപാലകർ പ്രദേശത്തെത്തിയിരുന്നത്.