മേലാറ്റൂർ മാലിന്യ കേന്ദ്രത്തിലെ തീപിടിത്തം: മുസ്ലിം ലീഗ് പരാതി നൽകി
1532240
Wednesday, March 12, 2025 5:40 AM IST
മേലാറ്റൂർ : മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേലാറ്റൂർ പോലീസിൽ പരാതി നൽകി. വൈദ്യുതീകരിച്ചിട്ടില്ലാത്ത കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത് അത് കാരണമാകില്ല.
അതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്രത്തിലെ രേഖകൾ മുഴുവൻ കത്തി നശിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നത് സംശയത്തിന് ബലം നൽകുന്നതാണ്. കഴിഞ്ഞ എട്ട് വർഷത്തെ രേഖകളും കണക്കുകളും സുരക്ഷിതമല്ലാത്ത ഈ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത് എന്നത് അവിശ്വസനീയവും പഞ്ചായത്ത് ഭരണസമിതിയുടെ നിസംഗതയുടെ പ്രകടമായ തെളിവുമാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി.
രേഖകളും കണക്കുകളും നഷ്ടപ്പെടുന്നത് വഴി പഞ്ചായത്തിനുണ്ടാകുന്ന സാന്പത്തിക നഷ്ടത്തിന്റെ മറവിൽ അഴിമതിയുണ്ടെന്നും ഇത്തരത്തിലുള്ള മുഴുവൻ കാര്യങ്ങളും അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സൗകര്യപ്രദവും സുരക്ഷിതവുമായ സ്ഥലത്തേക്ക് മാലിന്യ സംഭരണം മാറ്റിയിട്ടില്ലെങ്കിൽ ഗ്രൗണ്ടിലേക്ക് വരുന്ന മാലിന്യങ്ങൾ തടയുന്നതുൾപ്പെടെയുള്ള സമരങ്ങൾക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വം നൽകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേതാക്കൾ മാലിന്യ സംഭരണ കേന്ദ്രം കത്തിയ സ്ഥലം സന്ദർശിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി റഷീദ് മേലാറ്റൂർ, ഭാരവാഹികളായ കെ. അബൂബക്കർ, പി. ഷമീർ, വി.പി കരീം, മേലാറ്റൂർ സർവീസ് ബാങ്ക് പ്രസിഡന്റ് സി. അബ്ദുൾകരീം, ഗ്രാമപഞ്ചായത്ത് മെംബർ വി. ത്വയ്യിബ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച് പോലീസിൽ പരാതി നൽകിയത്.