തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ബജറ്റിൽ 40.93 ലക്ഷം മിച്ചം
1532517
Thursday, March 13, 2025 5:41 AM IST
മഞ്ചേരി: കാർഷിക, ഭവന, ആരോഗ്യ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്. 38.78 കോടി രൂപ വരവും 38.3 കോടി രൂപ ചെലവും 40.93 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എൻ.പി. ജലാലുദ്ദീൻ അവതരിപ്പിച്ചത്.
കാർഷിക മേഖലയിൽ വന്യമൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ സൗരവേലി, കൃഷി സമൃദ്ധി പദ്ധതി തുടങ്ങിയവയ്ക്ക് 1.45 കോടിയും മൃഗസംരക്ഷണ മേഖലയിൽ 1.20 കോടി രൂപയും വകയിരുത്തി. പാർപ്പിട മേഖലയ്ക്ക് 2.24 കോടി, ആരോഗ്യമേഖലയിൽ 1.7 കോടി, ഭിന്നശേഷി ഉന്നമനത്തിനായി 75 ലക്ഷം രൂപയും വകയിരുത്തി.
വയോജനങ്ങൾക്കായി വയോജന ഉല്ലാസയാത്ര, വയോജന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 16 ലക്ഷം രൂപയും വകയിരുത്തി പദ്ധതികൾക്ക് തുടക്കം കുറിച്ചു. പട്ടികജാതി-വർഗ ക്ഷേമത്തിന് 1.6 കോടി രൂപയും അഗതികളുടെ ക്ഷേമ പരിപാടികൾക്കായി 10 ലക്ഷം രൂപയും വനിതകളുടെ ക്ഷേമത്തിനായി 55 ലക്ഷം രൂപയും വകയിരുത്തി.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.50 കോടി, ശുചിത്വ മാലിന്യ സംസ്കരണ മേഖലക്ക് 43 ലക്ഷം, ലഹരി ബോധവത്ക്കരണ കാന്പയിൻ 50000 രൂപയും വകയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ അധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം.എസ്. അൻവർ കോയ തങ്ങൾ, ഷിഫാന ബഷീർ, സീനാരാജൻ, സെക്രട്ടറി രജീഷ്ലാൽ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, അക്കൗണ്ടന്റ് റിയാസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.