കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
1532505
Thursday, March 13, 2025 5:32 AM IST
എടക്കര: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശിയും ചുങ്കത്തറയിൽ താമസിക്കുന്ന എളന്പിലാക്കൽ ആദമിനാണ് (48) പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരുത ചക്കപ്പാടം അങ്ങാടിയിലാണ് അപകടമുണ്ടായത്. കാഞ്ഞിരത്തിങ്ങലിൽ യാത്രക്കാരെ ഇറക്കി മടങ്ങിപ്പോകുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ആദം വാഹനത്തിനടിയിൽ പെടുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ഓട്ടോറിക്ഷയുടെ അടിയിൽനിന്ന് പുറത്തെടുത്ത് വഴിക്കടവിലെയും തുടർന്ന് എടക്കരയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ആദമിന് ദേഹമാസകലം മുറിവേൽക്കുകയും ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.