വേനൽ ചൂടിൽ ആശ്വാസം പകർന്ന് മഴ
1532519
Thursday, March 13, 2025 5:41 AM IST
നിലന്പൂർ: ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴയെത്തി. ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിൽ മഴ പെയ്തു. വൈകുന്നേരം 5.30 തോടെ നിലന്പൂർ ടൗണിൽ ഈ സീസണിലെ ആദ്യ വേനൽ മഴ പെയ്തിറങ്ങി.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഴ എത്തിയത്. നിലന്പൂരിൽ 15 മിനിറ്റിലേറെ മഴ പെയ്തു. കരുവാരക്കുണ്ട് മേഖലയിലും ഇന്നലെ മഴ പെയ്തു. ഉണങ്ങി കൊണ്ടിരുന്ന കാർഷിക വിളകൾക്ക് മഴ രക്ഷയായി.
കുംഭമാസത്തിൽ തന്നെ കനത്ത മഴ ലഭിച്ചത് കമുക്, തെങ്ങ് തുടങ്ങിയ നാണ്യവിളകൾക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നാണ് കർഷകരുടെ അഭിപ്രായം. മഴയോടൊപ്പം അനുഭവപ്പെട്ട കാറ്റിൽ ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണും പൊട്ടിവീണും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
നിരവധിയിടങ്ങളിൽ മരക്കൊന്പുകൾ പൊട്ടിവീണ് വൈദ്യുതി വിതരണവും ഗതാഗത തടസവും നേരിട്ടു. ചൊവ്വാഴ്ച രാത്രിയിലും പ്രദേശത്ത് ശക്തമായ മഴ ലഭിച്ചു.