വേട്ടേക്കോട് മാലിന്യം നീക്കം ചെയ്യൽ രണ്ടാഴ്ചക്കകം
1532232
Wednesday, March 12, 2025 5:40 AM IST
മഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി രണ്ടാഴ്ചക്കകം ആരംഭിക്കും. ഇതിന് മുന്നോടിയായി പരിസരവാസികളെ ഉൾപ്പെടുത്തി യോഗം ചേർന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെഎസ്ഡബ്യൂഎംപി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കന്പനിയാണ് കരാർ എടുത്തിരിക്കുന്നത്.
നിലവിൽ മലപ്പുറം നഗരസഭയുടെ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്രവൃത്തി നടന്നുവരികയാണ്. ഇത് പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇതിനാവശ്യമായ യന്ത്രങ്ങൾ വേട്ടേക്കോട് എത്തിക്കും. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോമൈനിംഗും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.
തുടർന്ന് ലോക ബാങ്കിന്റെ സഹായത്തോടെ ഈ സ്ഥലത്ത് ബയോ പാർക്ക് നിർമിക്കാനും പദ്ധതിയുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തും. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമന്റ് കന്പനിയിലേക്ക് കയറ്റി അയക്കും. മഴക്കാലത്തിന് മുന്‍പ് പ്രവൃത്തി പൂർത്തിയാക്കണമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പ്രവൃത്തി നടത്തണമെന്ന് വാർഡ് കൗണ്‍സിലർ ബേബി കുമാരി പറഞ്ഞു.
പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. വേനൽ കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. സ്ഥലത്ത് ചുറ്റും ഗ്രീൻ നെറ്റ് സ്ഥാപിക്കും. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പന്പ് ചെയ്യും. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് തയാറാക്കാനും തീരുമാനമായി. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി, കൗണ്‍സിലർമാരായ ബേബി കുമാരി, പി. സുനിത, ഹുസൈൻ മേച്ചേരി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം തുടങ്ങിയവർ സംസാരിച്ചു.