മലപ്പുറം ജലസമൃദ്ധിയിലേക്ക്; നാന്പ്രാണി തടയണ അന്തിമഘട്ടത്തിൽ
1532509
Thursday, March 13, 2025 5:32 AM IST
മലപ്പുറം: നഗരസഭയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ സാന്പത്തിക സഹായത്തോടുകൂടി നിർമാണം നടന്നുകൊണ്ടിരിക്കുന്ന കടലുണ്ടി പുഴയിലെ നാന്പ്രാണി തടയണ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു.
ഏപ്രിൽ 15നകം പദ്ധതി പൂർത്തീകരിക്കപ്പെടുന്ന രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. തടയണയുടെ നാല് ബീമുകളുടെയും പ്രവർത്തനം പൂർത്തിയായി. തടയണയുടെ നാല് ഷട്ടർ പ്രവർത്തനങ്ങളും മെക്കാനിക്കൽ വർക്കുകളുടെയും പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
കേന്ദ്രസർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി അഞ്ചര കോടി രൂപ ചെലവിലാണ് പദ്ധതി. നഗരസഭക്ക് വേണ്ടി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നിർവഹണം.
പ്രവൃത്തി കഴിയുന്നതോടെ മലപ്പുറം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ 15 കിലോമീറ്റർ ദൂരപരിധിയിൽ ജലസമൃദ്ധി ഉറപ്പാക്കാൻ കഴിയും. നഗരസഭ പ്രദേശത്ത് മൂന്ന് വില്ലേജുകളിലും ഫലപ്രദമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനുമാകും. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ 75 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണ പ്രവർത്തനത്തിനും തുടക്കമായി.
കൂടാതെ കാലപ്പഴക്കമേറിയ പൈപ്പുകൾ മാറ്റുന്നത് ഉൾപ്പെടെ സമഗ്രമായ കേന്ദ്രവിഷ്കൃത പദ്ധതികളാണ് നഗരസഭയിൽ പൂർത്തിയായികൊണ്ടിരിക്കുന്നത്. നാന്പ്രാണി തടയണയുടെ പുരോഗതി വിലയിരുത്തിയ ഉന്നതല സമിതി യോഗ ശേഷം പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ പരിശോധിച്ചു.
നഗരസഭ ചെയർമാൻ മുജീബ് കാടേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, സി.പി. ആയിശാബി, നഗരസഭ കൗണ്സിലർ സജീർ കളപ്പാടൻ, നഗരസഭ സെക്രട്ടറി കെ.പി ഹസീന, മുൻസിപ്പൽ എൻജിനീയർ പി.ടി. ബാബു, ഇറിഗേഷൻ അസിസ്റ്റന്റ് ഷബീബ്,
മുഹമ്മദ് ഇക്ബാൽ (കഐസ്ഇബി അസിസ്റ്റന്റ് എൻജിനീയർ), മുഹമ്മദ് റനീഷ് (ജലവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ),പുഷ്പരാജ് (എൻജിനീയർ), പി.എം. മുഹമ്മദ് ഷഹീദ്, ഡയറക്ടർ പി.എം.ആർ. അജ് വദ്(പ്രൊജക്ട് എൻജിനീയർ) എന്നിവർ പങ്കെടുത്തു.