ആദിവാസികൾക്കായി അദാലത്ത്
1532247
Wednesday, March 12, 2025 5:46 AM IST
പോത്തുകൽ: പട്ടികവർഗ മേഖലയിൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി അപ്പൻകാപ്പ് ഊരിൽ അദാലത്ത് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു അദാലത്ത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അദാലത്ത് ഉദ്ഘാടനം ചെയ്തു. നിലന്പൂർ ഡിവൈഎസ്പി സാജു. കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്, പോത്തുകൽ എസ്ഐ സുകുമാരൻ,
ട്രൈബൽ മൊബൈൽ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. മോനിഷ്, താലൂക്ക് സപ്ലൈ ഓഫീസർ വി.പി. ബാലകൃഷ്ണൻ, നിലന്പൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ, എംപ്ലോയ്മെന്റ് ഓഫീസർ ശ്യംകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു.
ആധാർ, റേഷൻ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ തുടങ്ങി നിരവധി സേവനങ്ങൾ അദാലത്തിൽ നൽകി. വനം, എക്സൈസ് വകുപ്പുകളും പങ്കെടുത്തു. ഇതോടൊപ്പം മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചിരുന്നു.