തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
1532515
Thursday, March 13, 2025 5:41 AM IST
വണ്ടൂർ: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പൂന്തോട്ടത്തിൽ റോഡരികിലെ കാഞ്ഞിരമരത്തിലുള്ള 15 ലധികം വവ്വാലുകളാണ് ഒറ്റ ദിവസം തന്നെ ചത്ത് വീണത്. കനത്ത ചൂട് കാരണമാകാമെന്നാണ് അധികൃതരുടെ നിഗമനം. ചത്തവയുടെ സാന്പിളുകൾ പൂനയിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അധികം പ്രായമാകാത്ത വവ്വാലുകളെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സമീപവാസികൾ ചത്ത നിലയിൽ കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം വനംവകുപ്പ് അധികൃതർ, വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കനത്ത ചൂട് താങ്ങാൻ കഴിയാത്തതാണ് മരണകാരണമെന്നുമാണ് സൂചന. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതായി പ്രസിഡന്റ് കെ. രാമൻകുട്ടി പറഞ്ഞു. തുടർന്ന് വനം വകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചിട്ടു.
അതോടൊപ്പം വവ്വാലുകളുടെ ജഢാവശിഷ്ടം പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നാലെ മരണ കാരണം വ്യക്തമാകൂ.