പുലാമന്തോളിൽ ആരോഗ്യ ജാഗ്രതായോഗം ചേർന്നു
1532522
Thursday, March 13, 2025 5:41 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർ സെക്ടറൽ യോഗം ചേർന്നു. പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നസീറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സാവിത്രി, ജനപ്രതിനിധികളായ മുഹമ്മദ്കുട്ടി, ലില്ലിക്കുട്ടി, സിനിജ, ഹസീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ വിഷയാവതരണം നടത്തി.
വിവിധ വകുപ്പ് മേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ലാബ് ക്ലിനിക് ഭാരവാഹികൾ, പാലിയേറ്റീവ് പ്രതിനിധികൾ, ഓഡിറ്റോറിയം പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ, ഹരിത കർമ സേന തൊഴിലുറപ്പ്, ആശാ, ആരോഗ്യപ്രവർത്തകർ, ഐസിഡിഎസ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ മുൻവർഷങ്ങളിലെ പകർച്ചവ്യാധി വ്യാപനം വിശദീകരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് യോഗം വിലയിരുത്തി. 2025-26 വർഷത്തെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയാറാക്കുവാൻ യോഗം തീരുമാനിച്ചു. കുടുംബാരോഗ്യ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് ബീന നന്ദിയും പറഞ്ഞു.