പെരിന്തൽമണ്ണ ജൂബിലി റോഡ് നവീകരിക്കും
1532513
Thursday, March 13, 2025 5:32 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ നിന്ന് പെരുന്പിലാവ് - നിലന്പൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന ബൈപ്പാസ് റോഡായ പെരിന്തൽമണ്ണ ജൂബിലി റോഡ് ഒരു കോടി 70 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നവീകരിക്കുന്നു. ബിഎം ആൻഡ് ബിസി റോഡായാണ് ജൂബിലി റോഡ് നവീകരിക്കുന്നത്. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പ് പുതിയതായി ഒന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കൽ, ഡ്രൈനേജ്, കൾവർട്ട് പ്രവൃത്തി എന്നിവയാണ് ആദ്യം ആരംഭിക്കുന്നത്.
തുടർന്നാണ് ബിഎം ആൻഡ് ബിസി ചെയ്യുക. പൈപ്പ് ലൈൻ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കാനും നവീകരണം വേഗം പൂർത്തിയാക്കാനുള്ള നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്നിരുന്നു.
പെരിന്തൽമണ്ണയിലെ പ്രധാന ബൈപ്പാസായ ജൂബിലി റോഡിലൂടെ ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. പട്ടാന്പി, ചെർപ്പുളശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും മൂസക്കുട്ടി സ്റ്റാൻഡിൽ നിന്ന് ബസുകളും ഇതുവഴിയാണ് പോകുന്നത്. ജൂബിലി റോഡ് പരിസരത്തെ എംഇഎസ് സ്കൂൾ, കാദർ മൊല്ല യുപി സ്കൂൾ, ഭാരത് ഗ്യാസ് ഏജൻസി, ഹെൽത്ത് സെന്റർ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് ദിനേന നൂറുക്കണക്കിന് ആളുകൾ വേറെയും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.
കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലത്താണ് റോഡിൽ ഇന്റർലോക്ക് കട്ട വിരിച്ചത്. എന്നാൽ ഇത് മാസങ്ങൾക്കകം തകർന്നതോടെ വീണ്ടും അറ്റകുറ്റപ്പണി നടത്തിയിരുന്നു. റോഡ് നവീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം സമരങ്ങളും നടത്തിയിരുന്നു. ഒടുവിൽ ജൂബിലി റോഡ് നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.