ഇൻഷാസ് ബസിന് സ്നേഹം പകർന്ന് യൂത്ത് ലീഗ് പ്രവർത്തകർ
1532233
Wednesday, March 12, 2025 5:40 AM IST
മഞ്ചേരി: കാലങ്ങളായി എടത്തനാട്ടുകര-മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് ഇൻഷാസ്. പ്രവാസിയും പൊതുപ്രവർത്തകനുമായ എടത്തനാട്ടുകര സ്വദേശി പാറക്കോടൻ ഫിറോസ്ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. റംസാനിൽ നോന്പുതുറ സമയത്ത് യാത്രക്കാർക്ക് നോന്പുതുറക്കാനുള്ള ഭക്ഷ്യസാധനങ്ങൾ ഫിറോസ്ഖാൻ നൽകാറുണ്ട്. ഇത് ഒന്നര പതിറ്റാണ്ടായി തുടർന്നുവരികയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിനായും ഇൻഷാസ് ബസ് സർവീസ് നടത്താറുണ്ട്. ബസിലെ ജീവനക്കാരനും ഉടമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി സഹകരിക്കാറുമുണ്ട്. ഇവരുടെ സന്നദ്ധ സേവനങ്ങൾ പരിഗണിച്ച് ഇത്തവണ മുസ്ലിം ലീഗ് സ്ഥാപക ദിനം വ്യത്യസ്ഥമാക്കാൻ പ്രദേശത്തെ യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചു. ഇൻഷാസ് ബസിലെ യാത്രക്കാർക്ക് ഇഫ്താർ കിറ്റ് നൽകിയാണ് ഇത്തവണ ദിനാചരണം നടത്തിയത്. യാത്രക്കാർക്കുള്ള ഇഫ്താർ കിറ്റിന്റെ വിതരണോദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
യൂത്ത് ലീഗ് പ്രസിഡന്റ് മുർഷിദ് കുട്ടശേരി അധ്യക്ഷത വഹിച്ചു. കെ.ബി. ഹംസ ഹാജി പതാക ഉയർത്തി. ഹസൻ ദാരിമി കുട്ടശേരി, ഉമർ കുട്ടശേരി, റഹീം മേലേതിൽ, ഉസ്മാൻ ചേന്ദംകുളങ്ങര, മുജീബ് പൂക്കുത്ത്, നാസ് മഞ്ചേരി, ഷംസീർ കുട്ടശേരി, നസീർ മേലേതിൽ, നെച്ചിയൻ ബാബു, മുനീർ മേലേതിൽ, സി.കെ. സദഖത്തുള്ള, സമദ് പാറമ്മൽ, സി.കെ. അൽത്വാഫ്, ഷുഹൈബ് ചെറുകുളം, ബസ് ജീവനക്കാരായ മുഹമ്മദ് അനസ് മദാരി, ഷറഫുദീൻ, ഇർഷാദ്, മാനു എന്നിവർ പങ്കെടുത്തു.