ഗോപിക നിഷ ഗോപാലന് എംഎസ്സിഎ ഫെലോഷിപ്പ്
1532507
Thursday, March 13, 2025 5:32 AM IST
മങ്കട: യൂറോപ്യൻ കമ്മീഷൻ നൽകുന്ന മേരി സ്കോൾ ഡോവ്സ്ക ക്യൂറി ആക്ഷൻസ് (എംഎസ്സിഎ) ഡോക്ടറൽ ഫെലോഷിപ്പ് മലപ്പുറം മങ്കട സ്വദേശി ഗോപിക നിഷ ഗോപാലന്. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗ്ൽ പ്രഫ.ഡോ.സാൻസോണിന്റെ നേതൃത്വത്തിൽ നോവൽ ആക്ടോ സെക്കൻഡ് മെട്രോളജി അപ്രോച്ചസ് ഫോർ ഫ്രീ ഇലക്ട്രോണ്‍ ലാസേഴ്സ് എന്ന വിഷയത്തിലാണ് മൂന്ന് വർഷത്തേക്കുള്ള പിഎച്ച്ഡി ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്.
1.4 ലക്ഷം യൂറോ (ഏകദേശം 1.3 കോടി രൂപ) യാണ് ഫെലോഷിപ്പ് തുക. ഇറ്റലിയിലെ ഫെർമിഫ്രീ ഇലക്ട്രോണ്‍ ലാസർ ഫാസിലിറ്റിയിലും ഫ്രെയ്ബർഗ്ലുമായി സംയുക്തമായാണ് റിസർച്ച് നടക്കുന്നത്. കുസാറ്റിൽ നിന്ന് ഫിസിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ചെയ്ത ഗോപിക ഇപ്പോൾ ഐഐഐടി ബോംബെയിൽ റിസർച്ച് അസിസ്റ്റന്റായി സേവമനുഷ്ഠിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസം മങ്കട ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പടിഞ്ഞാറ്റുംമുറി ബിഎഡ് കോളജ് പ്രിൻസിപ്പലായ ഗോപാലൻ മങ്കടയുടെയും പത്തപ്പിരിയം ഗവണ്മെന്റ് സ്കൂൾ അധ്യാപിക കെ.പി. നിഷയുടെയും മകളാണ്. സഹോദരൻ ഗോവർധനൻ മഞ്ചേരി ബോയ്സ് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയാണ്.