വായന ലഹരിയാക്കുന്ന തലമുറയാണ് നാടിന് വേണ്ടത്: എംഎൽഎ
1532245
Wednesday, March 12, 2025 5:46 AM IST
പെരിന്തൽമണ്ണ : വായന ലഹരിയാക്കുന്ന തലമുറ വളർന്നുവരുന്നത് വർത്തമാനകാല പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുലക്ഷം രൂപ വിനിയോഗിച്ച് നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്ന് വാങ്ങി നൽകുന്ന സ്കൂൾ ലൈബ്രറികൾക്കും പൊതുവായനശാലകൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം പെരിന്തൽമണ്ണ വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് സാമൂഹികമായ പുരോഗതി കൈവരിച്ചുവെങ്കിലും സാമൂഹിക തിൻമകൾക്കൊപ്പം പുതിയ തലമുറ സഞ്ചരിക്കുന്നുവെന്നത് ദുഃഖകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യന് അറിവും തിരിച്ചറിവും നൽകുന്ന ഒന്നാണ് വായന. ഈ വായനയിലേക്ക് പുതിയ തലമുറയെ തിരിച്ചുകൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളും പൊതുവായനശാലകളും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എഇഒ കുഞ്ഞിമൊയ്തു, എച്ച്എം ഫോറം സെക്രട്ടറി അസീസ്, ഷൈഷാദ് തെക്കേതിൽ, എൻ.എം. ഫസൽ വാരിസ് എന്നിവർ പ്രസംഗിച്ചു.