ബാലസാഹിത്യ പുരസ്കാരം ഡോ. സംഗീതയ്ക്ക്
1532520
Thursday, March 13, 2025 5:41 AM IST
പെരിന്തൽമണ്ണ: ആലിപ്പറന്പ് സ്വദേശി ഡോ. സംഗീത ചേനംപുല്ലിക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം. വിവർത്തനം, പുനരാഖ്യാനം വിഭാഗത്തിലാണ് പുരസ്കാരത്തിന് അർഹമായത്.വെള്ളത്തിൽ നനവുണ്ടായതെങ്ങനെ എന്ന പുസ്തകമാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആലിപ്പറന്പ് സ്വദേശിയായ സംഗീത പട്ടാന്പി ഗവണ്മെന്റ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്.
ഒറ്റപ്പാലം എൻഎസ്എസ് കോളജ്, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എൻഐടിയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി.
2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്കാരം, 2016 ലെ പായൽ ബുക്സ് കവിതാ പുരസ്കാരം, 2019 ലെ ദേവകിവാര്യർ സ്മാരക സാഹിത്യ പുരസ്കാരം, ചലച്ചിത്ര അക്കാഡമി ഗവേഷണ ഫെലോഷിപ്പ്, പി.പി. ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരം, വൈലോപ്പിള്ളി സ്മാരക കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രാംദാസ് മുണ്ടംകോടിയാണ് ഭർത്താവ്. മകൻ: അലൻ രാംദാസ്.