പുതിയ പദ്ധതികളുമായി പെരിന്തൽമണ്ണ സിഎച്ച് സെന്റർ
1532516
Thursday, March 13, 2025 5:41 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്റർ പുതിയ പദ്ധതികളുമായി മുന്നോട്ട്. ജനുവരിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സിഎച്ച് സെന്റർ രോഗികളുടെ ക്ഷേമം മുൻനിർത്തി സൗജന്യമായി വിവിധ തരത്തിലുള്ള രക്തപരിശോധന പദ്ധതികൾ പ്രഖ്യാപിച്ചു. പ്രമേഹ രോഗനിർണയം, കരൾരോഗ നിർണയം, വൃക്ക രോഗനിർണയം തുടങ്ങി ഇസിജി ഉൾപ്പെടെ എട്ടോളം പരിശോധനകൾ സൗജന്യമായി ചെയ്്തുകൊടുക്കും.
ഏതാണ്ട് 1500 രൂപയുടെ ഹെൽത്ത് ചെക്കപ്പ് പാക്കേജ് ആണ് സൗജന്യ നിരക്കിൽ ചെയ്യുന്നത്. മാർച്ച് 15 മുതൽ 25 വരെ ആദ്യഘട്ടം എന്ന നിലയിൽ സൗജന്യ പരിശോധനകൾ സിഎച്ച് സെന്ററിന്റെ ലബോറട്ടറിയിൽ നിന്നു ലഭ്യമാകും. വിവിധ വിഷയങ്ങൾക്കുള്ള കൗണ്സിലിഗും ആരംഭിച്ചിട്ടുണ്ട്. ചെറിയ ഫീസ് ചുമത്തിയാകും കൗണ്‍സിലിംഗ് സേവനം നൽകുക. കുട്ടികളിലെ അനാവശ്യഭയം, സ്വഭാവ വൈകല്യങ്ങൾ, ഉത്കണ്ഠ, അമിതദേഷ്യം, അലസത, പഠനത്തിൽ താല്പര്യക്കുറവ്,അമിത വൈകാരിക പ്രശ്നങ്ങൾ,
ഉൻമേഷക്കുറവ്, ആത്മഹത്യ പ്രവണത, അന്ധവിശ്വാസങ്ങൾ, മയക്കുമരുന്ന് ഉപയോഗം, വിഷാദം, ലക്ഷ്യബോധമില്ലായ്മ, ഫാമിലി കൗണ്‍സിലിംഗ്, സോഷ്യൽ ഫോബിയാസ്, സൈക്കോതെറാപ്പി, പ്രീമാരിറ്റൽ കൗണ്‍സിലിംഗ്, കപ്പിൾ കൗണ്‍സിലിംഗ്, ടീനേജ് കൗണ്‍സിലിംഗ് എന്നീ മേഖലകളിൽ ആയിരിക്കും കൗണ്‍സിലിംഗ് നൽകുക.
നിലവിൽ ഓർത്തോ, ന്യൂറോ, സ്പോർട്സ് എന്നീ കാറ്റഗറിയിലുള്ള രോഗികൾക്ക് ഫിസിയോതെറാപ്പി നൽകിവരുന്നതിന് പുറമേ ഈ ആഴ്ച മുതൽ 15 വയസിന് താഴെയുള്ള കുട്ടികളെ ചികിത്സിക്കുന്നതിനുള്ള പീഡിയാട്രിക് റിഹാബിലിറ്റേഷനും ആരംഭിച്ചിട്ടുണ്ട്.