"ലഹരിക്കെതിരേ സാംസ്കാരിക സംഘടനകൾ ഉണരണം’
1532235
Wednesday, March 12, 2025 5:40 AM IST
മഞ്ചേരി: ലഹരി ഉപയോഗം മൂലമുള്ള വിപത്തുകളെ പ്രതിരോധിക്കാൻ സാംസ്കാരിക സംഘടനകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് കാടാന്പുഴ ദേവസ്വം ട്രസ്റ്റിയും മുൻ സിഎംഒ (ആയുർവേദ)യുമായ ഡോ.രാമചന്ദ്ര വാര്യർ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം മഞ്ചേരി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാന്പത്തിക ശക്തിയിൽ വൻ വളർച്ചയിൽ കുതിക്കുന്ന ഭാരതത്തെ നശിപ്പിക്കാനുള്ള വൈദേശിക ശക്തികളുടെ ആസൂത്രണമാണ് ഇന്ന് കാണുന്ന ലഹരി വ്യാപനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന അഭിപ്രായപ്പെട്ടു. ഇതിന് രാജ്യത്തിനകത്തു നിന്ന് പിന്തുണയുണ്ട്. ചൈതന്യവത്തായ നമ്മുടെ യുവതലമുറയെ നശിപ്പിക്കാനായാൽ 15-20 വർഷം കൊണ്ട് ഈ രാജ്യത്തെ നശിപ്പിക്കാനാകും.
അതുവഴി ഭാരതത്തെ തകർക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. വഴിതെറ്റുന്ന യുവത്വത്തെ നേർവഴിക്കു നയിക്കാൻ ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അരാജകത്വത്തിന് ഭാരതീയമായ ബദലാണ് നമ്മുടെ സനാതന സംസ്കാരം. ഇത് കുട്ടികളിലേക്ക് പകർന്നു നൽകിയാൽ മറ്റൊരു ലഹരി തേടി കുട്ടികൾ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് അഡ്വ. കെ.ആർ.അനൂപ് അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ഖണ്ഡ് സംഘചാലക് പി.കെ.വിജയൻ, വിചാരകേന്ദ്രം യൂണിറ്റ് സെക്രട്ടറി ടി.മുകുന്ദൻ, ട്രഷറർ മാധവൻ ചീരക്കുഴി, പാലക്കാട് മേഖല സംഘടനാ സെക്രട്ടറി രാമചന്ദ്രൻ പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി കെ.കൃഷ്ണകുമാർ, പി.കെ. അജയൻ, അഡ്വ. ടി. സുഭാഷ് എന്നിവർ സംസാരിച്ചു.