വണ്ടൂരിൽ വനിതാ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
1532234
Wednesday, March 12, 2025 5:40 AM IST
വണ്ടൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് രൂപീകരിച്ച വണ്ടൂരിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. സൗദി ആസ്ഥാനമായി വണ്ടൂർ സ്വദേശികൾ രൂപീകരിച്ച വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന്റെ വണ്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സൗഹൃദ സംഗമം ഒരുക്കിയത്. വണ്ടൂർ സാജ് ടവറിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറിലധികം പേർ ഒത്തുകൂടി.
അഞ്ചു മാസങ്ങൾക്കു മുന്പ് രൂപീകരിച്ച യൂണിറ്റിൽ 44 അംഗങ്ങളുണ്ട്. പ്രവാസം അവസാനിപ്പിച്ചവരും നാട്ടിലുള്ളവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. ഇവരുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഇഫ്താർ സംഗമം നടത്തിയത്.
കൂട്ടായ്മയിലെ അംഗങ്ങൾ വീടുകളിൽ തയാറാക്കിയ വിഭവങ്ങളാണ് ഇഫ്താർ സംഗമത്തിൽ വിളന്പിയത്. എൻ. റുബീന ഫിറോസ്, സി.വി. ജംഷീന, പി. നജീറ വാഷിദ്, പി. ഷെറിൻ യൂനസ്, സി.എച്ച്. ഷീബ റസാക്ക്, ഇ.പി. അംന നിഷാദ്, സി. ഷബ്ന ഗഫൂർ, എം. സൈഫുന്നീസ നജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.