19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1532244
Wednesday, March 12, 2025 5:46 AM IST
നിലന്പൂർ: മന്പാട് പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവിനെ നിലന്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പറ്റ പൂക്കൊളത്തൂരിലെ പെരൂക്കാട് വീട്ടിൽ സമീറി (39)നെയാണ് എസ്ഐ റിഷാദലി നെച്ചിക്കാടനും ഡാൻസഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. യുവാവിൽനിന്ന് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നിലന്പൂർ ഭാഗത്തേക്ക് വിതരണത്തിനായി എംഡിഎംഎ കൊണ്ടുവരികയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മന്പാട് പൊങ്ങല്ലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന വോക്സ് വാഗണ്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നിലന്പൂർ മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണ്. ഇതിന് തടയിടാനുള്ള ശക്തമായ പരിശോധനകളാണ് പോലീസ് നടത്തുന്നത്. ലഹരി വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.