മണ്ണുപ്പാടത്ത് കാട്ടാനശല്യം രൂക്ഷം
1532238
Wednesday, March 12, 2025 5:40 AM IST
നിലന്പൂർ: മണ്ണുപ്പാടത്ത് ഭീതിയിലാഴ്ത്തി ചുള്ളിക്കൊന്പൻ. തിങ്കളാഴ്ച രാത്രി 9.30 തോടെ നിലന്പൂർ-നായാടംപൊയിൽ മലയോര പാതയോട് ചേർന്ന പെട്രോൾ പന്പിന് സമീപത്തുകൂടി കടന്നുപോകുന്ന ചുള്ളിക്കൊന്പന്റെ ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. സമീപത്ത് താമസിക്കുന്ന നാലകത്ത് ബീരാൻകുട്ടി വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറക്കുന്പോഴാണ് ചുള്ളിക്കൊന്പനെ കണ്ടത്.
പെട്ടെന്ന് അദ്ദേഹം വീട്ടിലേക്ക് കയറുകയും ഗേറ്റ് അടക്കുകയും ചെയ്തു. മണ്ണുപ്പാടം അങ്ങാടിയിലുണ്ടായിരുന്നവർ ഒച്ചവച്ചതോടെ കാട്ടാന അവിടെ നിന്നുനീങ്ങി. ഇന്നലെ പുലർച്ചെ3.30 തോടെ വീണ്ടുമെത്തിയ ചുള്ളിക്കൊന്പൻ മൈലാടിപൊട്ടിയിലെ രാമൻ, ഗോപാലൻ എന്നിവരുടെ കൃഷി നശിപ്പിക്കുകയും പ്ലാവിലെ ചക്ക പറിച്ച് തിന്നുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
അക്രമകാരികളായ രണ്ട് ആനകളും ഇവിടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കാണപ്പെടുന്ന ചുള്ളിക്കൊന്പൻ ജനങ്ങൾക്ക് ഭീഷണിയായതോടെ കഴിഞ്ഞ വർഷം വനപാലകർ മൂവായിരം വനമേഖലയിലേക്ക് കയറ്റി വിട്ടിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആന മടങ്ങിയെത്തി.
നിരവധി ആളുകൾ സഞ്ചരിക്കുന്ന നിലന്പൂർ - നായാടംപൊയിൽ മലയോരപാത കാട്ടാനകളുടെ സാന്നിധ്യം കൊണ്ട് ആശങ്കയുടെ മുൾമുനയിലാണ്.