മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
1532236
Wednesday, March 12, 2025 5:40 AM IST
പെരിന്തൽമണ്ണ : മാലാപറന്പിൽ പോലീസ് നടത്തിയ പരിശോധനയിൽ ലഹരിമരുന്നായ 7.570 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ ചങ്കുവെട്ടിക്കുന്ന് കാലൊടി ജാബിറി (33) നെയാണ് പെരിന്തൽമണ്ണ എസ്ഐ ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിൽ സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാപോലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണ് മാലാപറന്പിൽ വച്ച് മെത്താഫിറ്റമിനുമായി ജാബിറിനെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരായിനിന്ന് വൻതോതിൽ ലഹരി കൈമാറ്റവും ഉപയോഗവും നടത്തുന്ന കോട്ടക്കൽ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ നിരീക്ഷിച്ചതിനെത്തുടർന്നാണ് പ്രതി പിടിയിലായത്. പ്രൊബേഷൻ എസ്ഐ നിതിൻ, എസ്സിപിഒ കൈലാസ്, ഡ്രൈവർ പ്രശാന്ത് എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.
മങ്കട ഇൻസ്പെക്ടർ അശ്വിത്തിന്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.