സർഗാക്ഷര ഭൂമികയിലൂടെ സാംസ്കാരികയാത്ര സംഘടിപ്പിച്ച് ഗ്രന്ഥാലയം
1515566
Wednesday, February 19, 2025 5:39 AM IST
തച്ചിങ്ങനാടം: തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം സർഗാക്ഷര ഭൂമികയിലൂടെ പരിപാടിയുടെ ഭാഗമായി എം.ടി.യുടെ കൂടല്ലൂർ മുതൽ തിരുനാവായ മണപ്പുറം വരെ എന്ന സാംസ്കാരികയാത്ര സംഘടിപ്പിച്ചു.
യാത്രാസംഘം എംടിയുടെ കഥാഭൂമികയായ കൂടല്ലൂരിൽ കൊടിക്കുന്നത്ത് കാവിലമ്മ, മലമക്കാവ്, താന്നിക്കുന്ന്, രണ്ടാമൂഴം എഴുതിത്തീർത്ത വാസസ്ഥലം, തറവാട്, എം.ടി.യുടെ അശ്വതി എന്ന വീട് എന്നിവ സന്ദർശിച്ചു. തുടർന്ന് എം.ടി.യുടെ മാതൃസഹോദരീ പുത്രൻ എം.ടി.രവീന്ദ്രനുമായി സംഘാംഗങ്ങൾ സംവദിച്ചു. കുമരനല്ലൂരിൽ മഹാകവി അക്കിത്തത്തിന്റെ ഇല്ലത്തെത്തിയ സംഘത്തെ അദ്ദേഹത്തിന്റെ മകൻ അക്കിത്തം നാരായണൻ അഭിസംബോധന ചെയ്ത് സംസാരിച്ചു.
തുടർന്ന് സംഘം പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്, പെരുന്തച്ചൻ പണിതീർത്ത പന്നിയൂർ ക്ഷേത്രം എന്നിവയും സന്ദർശിച്ചു. അതിനുശേഷം തിരുനാവായ മാമാങ്ക സ്മാരകങ്ങളായ നിലപാട് തറ, മണിക്കിണർ, മരുന്നറ, ചങ്ങന്പള്ളി കളരി എന്നിവ സന്ദർശിച്ച യാത്രാസംഘത്തിന് സാമൂഹിക പ്രവർത്തകൻ നാസർ കൊട്ടാരത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. പി്ന്നീട് തിരൂർ തുഞ്ചൻപറന്പിൽ ജൂണിയർ സൂപ്രണ്ട് സുബ്രഹ്മണ്യൻ വിശദീകരണം നടത്തി. സമാപനമായി കൂട്ടായി ബീച്ചിൽ നദീ,സാഗര സംഗമം ദർശിച്ച് സാംസ്കാരികയാത്ര സമാപിച്ചു.
പരിപാടികൾക്ക് വിഖ്യാത കഥാകാരൻ നന്തനാരുടെ പുത്രൻ സുധാകരൻ, എസ്.വി.മോഹനൻ, സി.പി.രാംമോഹൻ, പി.ജി.നാഥ്, മോഹൻ കർത്ത, കെ.യൂസഫ് എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷത വഹിച്ചു. പി.എസ്.വിജയകുമാർ സ്വാഗതവും രമ്യ മഠത്തിൽക്കുണ്ടിൽ നന്ദിയും പറഞ്ഞു.