ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
1515571
Wednesday, February 19, 2025 5:40 AM IST
തിരൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരൂർ പിഡബ്ലിയുഡി റസ്റ്റ് ഹൗസ് ഹാളിൽ സിറ്റിംഗ് നടത്തി.കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. മലബാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിദ്യാർഥികൾക്ക് ആനുപാതികമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി സ്വദേശി സമർപ്പിച്ച ഹർജിയിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.
പോലീസ് പീഡനം സംബന്ധിച്ച് തിരുനാവായ സ്വദേശി സമർപ്പിച്ച ഹർജിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.സർവീസ് ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് കഐസ്ആർടിസിയിൽ നിന്ന് വിരമിച്ച കോടൂർ സ്വദേശി സമർപ്പിച്ച ഹർജിയിൽ നടപടി കൈകൊള്ളുമെന്ന് കഐസ്ആർടിസി അധികൃതർ കമ്മീഷനെ അറിയിച്ചു.
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുൻഗണനാ ക്രമത്തിൽ നൽകി വരികയാണെന്നും ഹർജിക്കാരന്റെ ആനുകൂല്യങ്ങൾ താമസം കൂടാതെ ലഭ്യമാക്കുമെന്നും അധികൃതർ കമ്മീഷനെ അറിയിച്ചു.9746515133 എന്ന നന്പറിൽ വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അറിയിച്ചു.