പൊടിശല്യം രൂക്ഷം : വല്ലപ്പുഴ-പയ്യന്പള്ളി റോഡിന് സമീപത്തെ ജനജീവിതം ദുസഹം
1515978
Thursday, February 20, 2025 5:05 AM IST
നിലന്പൂർ: പൊടിശല്യം രൂക്ഷമായ നിലന്പൂർ വല്ലപ്പുഴ-പയ്യന്പള്ളി റോഡിൽ ജനജീവിതം ദുസഹമായി. പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ പലരും താൽക്കാലികമായി വാടകക്ക് വീടുകൾ അന്വേഷിക്കുകയാണ്. റോഡ് നവീകരണം പൂർത്തിയാകാതെ ഈ റോഡരികിൽ താമസിക്കുന്നവർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.
റോഡ് നവീകരണ പ്രവൃത്തി എന്ന്പൂർത്തിയാവുമെന്ന് വ്യക്തതയില്ല. നിലന്പൂർ റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേ അടിപ്പാതയുടെ പ്രവൃത്തി തുടങ്ങിയതോടെയാണ് വല്ലപ്പുഴ-പയ്യന്പള്ളി റോഡരികിലെ താമസക്കാരുടെ ദുരിതം ആരംഭിച്ചതത്. റെയിൽവേക്ക് മുന്നിലൂടെ പൂക്കോട്ടുംപാടം-കാളികാവ് ഭാഗത്തേക്ക് പോകുന്ന ബസുകളടക്കമുള്ള മുഴുവൻ വാഹനങ്ങളും വല്ലപ്പുഴ-പയ്യപന്പള്ളി റോഡിലൂടെയാണ് പൂക്കോട്ടുംപാടം റോഡിലേക്കെത്തുന്നത്.
പൊതുവേ തകർന്ന് കിടന്നിരുന്ന ഈ റോഡിലൂടെ ശരവർഷം പോലെ വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ കൂടുതൽ തകർച്ച നേരിടുകയും പല സ്ഥലത്തും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. മഴക്കാലത്തുണ്ടായ കുഴികളിൽ ക്വാറിപ്പൊടിയിട്ട് താൽക്കാലിക ശമനമുണ്ടാക്കിയെങ്കിലും മഴ മാറിയതോടെ ഇപ്പോൾ കനത്ത പൊടിശല്യം നേരിടുകയാണ്. ഓരോ വാഹനങ്ങളും പോകുന്പോൾ വീടുകളിലേക്ക് വലിയ തോതിലാണ് പൊടിയെത്തുന്നത്.
അലർജി രോഗികളായവർക്കും കുട്ടികൾക്കുമാണ് വലിയ ദുരിതമുണ്ടാകുന്നത്. ചിലരെങ്കിലും താമസം മാറാനുള്ള തീരുമാനത്തിലാണ്. ചിലരാകട്ടെ വീടിന്റെ മുൻഭാഗം പൂർണമായി ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. എന്നിട്ടും പൊടിക്കൊരു കുറവുമില്ലെന്ന് പ്രദേശത്തെ കുന്നത്തൊടി ഹേമലത പറഞ്ഞു. മാസങ്ങളായി ഈ ദുരിതം പേറിയാണ് ഇവരൊക്കെ ഇവിടെ കഴിയുന്നത്.
നിലന്പൂർ നഗരസഭാ ചെയർമാന്റെ വാർഡുകൂടിയായ ഈ റോഡിന്റെ നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.