കൃത്രിമ ചേരുവകളില്ലാത്ത പലഹാരങ്ങൾ ജില്ലാ ഭരണകൂടം എത്തിച്ചു നൽകും
1515561
Wednesday, February 19, 2025 5:39 AM IST
ജീവിതശൈലി രോഗങ്ങൾ തടയുക ലക്ഷ്യമാക്കി നെല്ലിക്ക കാമ്പയിന്
മലപ്പുറം: കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങൾ ഭക്ഷ്യസ്ഥാപനങ്ങളിൽ നൽകാൻ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവിതശൈലി രോഗങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നെല്ലിക്ക പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമ നിറം ചേർക്കാത്തതുമായ പലഹാരങ്ങൾ എത്തിച്ച് നൽകുന്നു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കേരള കാറ്റേഴ്സ് അസോസിയേഷൻ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചിത്വമുള്ള അടുക്കളകൾ സ്ഥാപിച്ചാണ് പലഹാരം തയാറാക്കുക. പദ്ധതി വിശദീകരിച്ച് തയാറാക്കിയ പ്രചാരണ നോട്ടീസ് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കായിക, ന്യൂനപക്ഷക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു.
ട്രോമകെയറിന്റെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രകാശന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, സബ് കളക്ടർമാരായ ദിലീപ് കെ. കൈനിക്കര, അപൂർവ ത്രിപാഠി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളായ സി.എച്ച്. അബ്ദുസമദ്, റഫീഖ് സാംകോ, ട്രോമാകെയർ പ്രതിനിധികളായ റഷീദ് പൊന്നേത്ത്, മജീദ് വാറങ്കോട്, രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.
2024 മാർച്ചിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നെല്ലിക്ക പദ്ധതി തുടങ്ങിയത്. ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുളള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങൾ കൂടി സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്ക് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐഎംഎ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, കാറ്ററേഴ്സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡന്റ്സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.