മഞ്ചേരിയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ കൊണ്ടുവന്ന എംടിയു തിരിച്ചു നൽകുന്നു
1515563
Wednesday, February 19, 2025 5:39 AM IST
മഞ്ചേരി: ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനായി മഞ്ചേരി നഗരസഭ വാങ്ങിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എംടിയു) തിരിച്ച് നൽകാൻ നഗരസഭ കൗണ്‍സിൽ തീരുമാനം. മൂന്ന് തവണ ട്രയൽ നടത്തിയിട്ടും പരാജയപ്പെട്ടതോടെയാണ് യൂണിറ്റ് തിരിച്ച് നൽകാൻ തീരുമാനിച്ചത്.
2024 സെപ്തംബറിലാണ് വീടുകളിൽ നേരിട്ടെത്തി ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം ട്രീറ്റ്മെന്റ് ചെയ്യുന്ന വാഹനം മഞ്ചേരി നഗരസഭ സ്വന്തമാക്കുന്നത്. വാഹനത്തിന് 46 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്ലിയുഎഎസ്എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്തെ ഭൗമ സ്ഥാപനമാണ് ഇതിന്റെ നിർമാണം നടത്തിയത്.
വാഹനത്തിൽ തയാറാക്കിയ ആധുനികയന്ത്ര സാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് നഗരസഭ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുമെന്നായിരുന്നു അവകാശവാദം. മാലിന്യം സംസ്കരിച്ചതിന് ശേഷമുള്ള ജലം മലീനീകരണം ഇല്ലാത്തതും കൃഷിക്കും മറ്റും ഉപയോഗിക്കാനും സാധിക്കും, അപകടകാരികളായ അണുക്കളോ മറ്റു മാലിന്യമോ ദുർഗന്ധമോ ഇതിനുണ്ടാകില്ല. ബാക്കി വരുന്ന ഖരമാലിന്യം യന്ത്ര സംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും തുടങ്ങിയ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു.
എന്നാൽ ടാങ്കുകൾ വൃത്തിയാക്കുന്നതിന് യൂണിറ്റ് പര്യാപതമല്ലെന്ന് അധികൃതർക്ക് ബോധ്യമായി. ജനുവരി ഒന്നിന് ജില്ലാ കളക്ടറുടെ ചേംബറിൽ തുടർ നടപടി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു. വാഹനം നഗരസഭക്ക് നൽകിയ ഭൗമ ഏജൻസി പ്രതിനിധികളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫെബ്രുവരി 10ന് ട്രയൽ റണ്‍ നടത്തി. സീതിഹാജി ബസ് സ്്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ ശുചിമുറി മാലിന്യമാണ് സംസ്കരിക്കുന്നതിനായാണ് വാഹനം എത്തിച്ചത്. എന്നാൽ ഇതും പരാജയപ്പെട്ടു. ശാസ്ത്രീയമായ നിർമിച്ച രണ്ട് സെപ്റ്റിക് ടാങ്കുകളിൽ ട്രയൽ നടത്തിയതിലും മാലിന്യജലം സംസ്കരണ സംവിധാനം വിജയിച്ചില്ല.
നഗരസഭയിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിന് പര്യാപ്തല്ല എന്ന ബോധ്യപ്പെട്ടതോടെയാണ് വാഹനം തിരിച്ച് നൽകുന്നതെന്ന് നഗരസഭ സെക്രട്ടറി കൗണ്‍സിൽ യോഗത്തിൽ വിശദീകരിച്ചു.
ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാതെ വാഹനം എത്തിച്ച ഏജൻസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ, ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി എന്നിവർ പറഞ്ഞു. ട്രയൽ റണ്‍ പരാജയപ്പെട്ടതിനാൽ ഏജൻസിക്ക് പണം നൽകിയിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറയുന്നു.