പ്രകൃതിയെ തൊട്ടറിയാൻ സൈക്കിൾ യാത്ര
1515565
Wednesday, February 19, 2025 5:39 AM IST
പാണ്ടിക്കാട്: പ്രകൃതിയെ തൊട്ടറിയാൻ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. പാണ്ടിക്കാട് പെഡലേഴ്സിന്റെ നേതൃത്വത്തിലാണ് വനത്തെ സംരക്ഷിക്കുക കാട്ടുതീ തടയുക എന്ന സന്ദേശവുമായി പാണ്ടിക്കാട്ട് നിന്ന് വയനാട്ടിലേക്ക് സൈക്കിൾ റാലി നടത്തിയത്. റാലിക്ക് വണ്ടൂരിൽ ലയണ്‍സ് ക്ലബ് സ്വീകരണം നൽകി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 25 സൈക്ലിസ്റ്റുകളാണ് റാലിയിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ സൈക്കിൾറാലി വൈകീട്ട് അഞ്ചുമണിയോടെ വയനാട് മുത്തങ്ങയിലെ ഫോറസ്റ്റ് ഡിവിഷണൽ ചെക്ക്പോസ്റ്റിലെത്തി.
നാടുകാണിചുരം കയറി ദേവാല, കരിയഷോല, പിതൃക്കാട് വഴി കാടിന്റെ ഭംഗി ആസ്വദിച്ചായിരുന്നു യാത്ര. വണ്ടൂരിൽ ലയണ്‍സിന്റെ വകയായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. സ്വീകരണ ചടങ്ങ് വണ്ടൂർ സിഐ കെ.ദീപകുമാർ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഇ. വിപിൻ, കെ.ടി അബ്ദുള്ളക്കുട്ടി, രാഗേഷ് ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.