കയർ വ്യവസായത്തിന് മികച്ച സാധ്യതകൾ: കളക്ടർ
1515567
Wednesday, February 19, 2025 5:39 AM IST
മലപ്പുറം: കയർ വ്യവസായം പുതിയ സംരംഭകർക്ക് തുറന്നുകൊടുക്കുന്നത് മികച്ച സാധ്യതകളാണെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. ജില്ലയിലെ സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാഷണൽ കൊയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടി (എൻസിആർഎംഐ)ന്റെ സഹകരണത്തോടെ കൊയർ കണക്ട് എന്ന പേരിൽ നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയറും കയർ ഉത്പന്നങ്ങളും നിർമിക്കാനും വിപണനം ചെയ്യാനും ഇന്ത്യയെ സംബന്ധിച്ച് മറ്റു രാജ്യങ്ങൾ ഭീഷണിയല്ല. ഇന്ത്യയിൽ അത്രക്കും തെങ്ങ് കൃഷി നടക്കുന്നുണ്ട്. ചകിരിയിൽ നിന്നും തേങ്ങയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുകയും അത് വിപണനം നടത്തുകയും ചെയ്താൽ വൻ വ്യവസായമാക്കി മാറ്റാൻ സാധിക്കും.
അതുപോലെ തോടുകളും കുളങ്ങളും സംരക്ഷിക്കാൻ നടത്തുന്ന കയർ ഭൂവസ്ത്രമണിയിക്കുന്ന പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതുവഴി ഈ മേഖല കൂടുതൽ വളരുകയും അത് പ്രകൃതിക്ക് ഗുണകരമാവുകയും ചെയ്യുമെന്നും കളക്ടർ പറഞ്ഞു.
തിരുവനന്തപുരം എൻസിആർഎംഐ ഡയറക്ടർ സി. അഭിഷേക് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൾലത്തീഫ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ടി.പി. അബ്ദുൾ മജീദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേഷ്, എൻസിആർഎംഐ സയന്റിസ്റ്റ് റിനു പ്രേമരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ കയർ ഉത്പന്നങ്ങളെക്കുറിച്ചും വിപണന സാധ്യകളെക്കുറിച്ചും സി. അഭിഷേക് ക്ലാസെടുത്തു.