ഒരുമയുടെ ശ്രുതിമീട്ടി സൂഫി സംഗീത നിശ
1515570
Wednesday, February 19, 2025 5:39 AM IST
പെരിന്തൽമണ്ണ: വിഭജനത്തിനും വിദ്വേഷത്തിനും വർഗീയതക്കുമെതിരെ സ്നേഹത്തിന്റെയും ഒരുമയുടെയും ശ്രുതിമീട്ടി ചാർയാർ സംഘം പെരിന്തൽമണ്ണയുടെ മനം കവർന്നു. ഡോ. മദൻഗോപാൽ സിംഗിന്റെ നേതൃത്വത്തിലുള്ള ചാർയാർ സംഘം ഇന്ത്യയിലൊട്ടുക്ക് ഒരുമയുടെ സംഗീതമുണർത്തിയുള്ള യാത്രയുടെ ഭാഗമായാണ് കേരളത്തിലുമെത്തിയത്.
കോഴിക്കോട്, പെരിന്തൽമണ്ണ, ചാവക്കാട്, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ പരിപാടി. പെരിന്തൽമണ്ണ ഷിഫ കണ്വൻഷൻ സെന്ററിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി. ഡോ. മദൻ ഗോപാൽ സിംഗിന് പുറമെ ഗിത്താറിസ്റ്റ് ദീപക് കാസ്റ്റിലിനോ, സരോദ് വാദകൻ പ്രീതം ഘോഷാൽ, തബലിസ്റ്റ് അംജത് ഖാൻ എന്നിവരടങ്ങുന്ന സംഗീത സംഘമാണ് ചാർയാർ.
നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സൂഫി സംഗീത നിശ ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കാരെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ഇക്കാലത്ത് വിശാലമായ ബഹുസ്വരമായ ജീവിതത്തിലേക്ക് നയിക്കാൻ സൂഫി സംഗീതം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മുബാറക് സാനി, ഡോ. ഖദീജ മുംതാസ്, മമത ജില്ലാ പ്രസിഡന്റ് ഡോ.പി. അബ്ദുൾ റസാഖ്, ഡോ. റഹീം ഫസൽ, ഡോ. പി. ഉണ്ണീൻ, പി. ഷാജി, വി. രമേശൻ, ഹരിദാസ് കൊളത്തൂർ, വേണുപാലൂർ, ഇ. രാജേഷ് എന്നിവർ പ്രസംഗിച്ചു.