ഏഴ് വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല; പ്രളയദുരിത ബാധിതർ എംഎൽഎയെ സന്ദർശിച്ചു
1515373
Tuesday, February 18, 2025 4:05 AM IST
നിലന്പൂർ: പ്രളയദുരിത ബാധിതർക്ക് ഏഴ് വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഇരകൾ എടവണ്ണ പത്തപ്പിരിയത്തെ വീട്ടിലെത്തി പി.കെ. ബഷീർ എംഎൽഎയെ സന്ദർശിച്ച് സങ്കടം ബോധിപ്പിച്ചു. റവന്യൂ വകുപ്പ് നീതി നിഷേധിച്ചതിനെ തുടർന്നാണ് എംഎൽഎയെ അവർ കണ്ടത്. 78 വയസുകാരി നബീസ ഉൾപ്പെടെ കഴിയുന്നത് ഏതു സമയത്തും തകർന്ന് വീഴാവുന്ന വീട്ടിലാണ്.
അതേസമയം രേഖകൾ കാണാനില്ലെന്നും ഇവർക്ക് വീടുകൾക്ക് അവകാശമില്ലെന്നുമുള്ള വിചിത്ര നിലപാടിലാണ് നിലന്പൂർ താലൂക്ക് അധികൃതർ. ഇത് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പി.കെ. ബഷീർ എംഎൽഎ ഡെപ്യൂട്ടി കളക്ടറെ ഫോണിൽ വിളിച്ച് റവന്യൂ അധികൃതരുടെ നിലപാടിലുള്ള പ്രതിഷേധം അറിയിച്ചു.
റവന്യൂ വകുപ്പിനും ജിയോളജി വകുപ്പിനുമെതിരേ രൂക്ഷവിമർശനമാണ് എംഎൽഎ നടത്തിയത്. കളക്ടറെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു. മാർച്ച് ആറിനകം തന്റെ സാന്നിധ്യത്തിൽ മലപ്പുറം കളക്ടറേറ്റിൽ കളക്ടർ, ഇരകൾ, റവന്യൂ-ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം ചേരും. നിയമസഭയിൽ അടിയന്തരമായി ഈ വിഷയം അവതരിപ്പിക്കും.
അർഹതപ്പെട്ട ഈ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വൈകുന്നതിൽ റവന്യൂ മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും. ഇവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് റവന്യൂ മന്ത്രി നേരത്തെ ഉറപ്പ് നൽകിയതാണ്. ഏതു സമയത്തും പ്രളയ ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ കഴിയുന്ന കുടുംബങ്ങൾക്ക് നീതി നിഷേധിക്കുന്നതിന്റെ കാരണം റവന്യൂ അധികൃതർ വ്യക്തമാക്കണമെന്നും പി.കെ. ബഷീർ എംഎൽഎ പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ 2018-ൽ ഇവിടം സന്ദർശിച്ച് ഈ കുടുംബങ്ങളുടെ അവസ്ഥ ബോധ്യപ്പെട്ടതാണ്. ഇവരുടെ ആനുകൂല്യം വൈകിയപ്പോൾ താൻ നേരിട്ട് നിലന്പൂർ താലൂക്ക് ഓഫീസിൽ യോഗം വിളിച്ചിരുന്നു. അന്ന് അർഹതപ്പെട്ടതായി കണ്ടെത്തിയ ഈ കുടുംബങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ അർഹതയില്ലെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചാലിയാർ പഞ്ചായത്തിലെ ആനകുളത്ത് 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് ആറ് കുടുംബങ്ങളുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ആറ് പേരാണ് അന്ന് ആനകുളത്തിന് സമീപം ചെട്ടിയൻപാറയിൽ ഉരുൾപൊട്ടലിൽ മരിച്ചത്. അന്ന് വീട് തകർന്ന് വാസയോഗ്യമല്ലാത്ത വീടുകളിലാണ് ഇവർ കഴിയുന്നത്. താൻ നേരിട്ട് നൽകിയ പരാതികളിൽ ഇപ്പോൾ ലിസ്റ്റിൽ ഇല്ലെന്ന് കാരണം പറഞ്ഞ് ഈ കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം വൈകാൻ അനുവദക്കില്ലെന്നും പി.കെ. ബഷീർ എംഎൽഎ പറഞ്ഞു.