ലൈഫ് മിഷൻ അവാർഡ് തിളക്കത്തിൽ അമരന്പലം ഗ്രാമപഞ്ചായത്ത്
1515371
Tuesday, February 18, 2025 4:05 AM IST
പൂക്കോട്ടുംപാടം: അമരന്പലത്തിന് ഇത് അഭിമാന നിമിഷം. ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് അമരന്പലം പഞ്ചായത്ത് നേടിയിരിക്കുന്നത്. പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 91 ശതമാനം പേർ കരാർ വയ്ക്കുകയും ഇതിൽ 80 ശതമാനം പേരുടെ വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തതോടെയാണ് അവാർഡിന് അർഹത നേടിയത്.
ലൈഫ് ഭവന പദ്ധതി ഒന്നു മുതൽ മൂന്ന് ഘട്ടങ്ങൾ, അഡീഷണൽ ലിസ്റ്റ്, ലൈഫ് 2020, അതിദരിദ്രരുടെ പട്ടിക എന്നിവയിൽ ഉൾപ്പെടുന്ന 2024 മാർച്ച് 31 വരെയുള്ളവ ഉൾപ്പെടുത്തിയാണ് കണക്കെടുപ്പ് നടന്നത്. കരാർ വച്ചത് 836 ഗുണഭോക്താക്കളാണ്. 663 വീടുകളാണ് പൂർത്തീകരിച്ചത്. ഇതിനായി 1.80 ഏക്കർ ഭൂമി ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി സൗജന്യമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തായാക്കിയാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.
പദ്ധതിയിൽ 28 ഭവന-ഭൂരഹിതരെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തി. അതിദരിദ്രരുടെ പട്ടികയിൽ നിന്ന് ഒന്പത് പേർക്ക് വീട്, മൂന്ന് പേർക്ക് വീടും ഭൂമിയും ലഭ്യമാക്കി. ഇത്തരം പ്രവർത്തനങ്ങളാണ് അമരന്പലം പഞ്ചായത്തിന് ലൈഫ് മിഷൻ അവാർഡിന്റെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ കളത്തൂപ്പുഴ പഞ്ചായത്തിനാണ്. നഗരസഭ വിഭാഗത്തിൽ ഒന്നാം സ്ഥാനം പെരിന്തൽമണ്ണ നഗരസഭയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം തിരുവനന്തപുരവും ഒറ്റപ്പാലം നഗരസഭയുമാണ് നേടിയത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഭൂമി സൗജന്യമായി വിട്ടുനൽകിയവർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സുമനസുകൾ എന്നിവരുടെ പൂർണപിന്തുണയും സഹകരണവുമാണ് അമരന്പലം പഞ്ചായത്തിന് ലൈഫ് മിഷൻ അവാർഡ് നേട്ടം കൈവരിക്കാനായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ പറഞ്ഞു.
"മനസോടിത്തിരി മണ്ണ്’ പദ്ധതി വരുന്നതിനു മുന്പുതന്നെ ലൈഫ് പദ്ധതിക്കായി ഫാ. മാത്യൂസ് വാഴക്കൂട്ടത്തിൽ ഇരുപത് കുടുംബത്തിന് നാല് സെന്റ് വീതം ഭൂമി നൽകിയിരുന്നു. ഇതിൽ 16 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി. കൂടാതെ മുഹമ്മദ് കല്ലിടുന്പൻ, വിളക്കേരി കുഞ്ഞുമുഹമ്മദ്, ആനപ്പട്ടത്ത് കുഞ്ഞുമുഹമ്മദ്, നാസർ കരുമാരോട്ടിൽ എന്നിവരും ലൈഫ് പദ്ധതിക്കായി ഭൂമി സൗജന്യമായി നൽകിയവരാണ്. ഒരു എസ്സി ഗുണഭോക്താവിന് കുടുംബശ്രീയും വീടു നിർമിച്ചു നൽകി.
2025 ഫെബ്രുവരി പകുതിയോടെ 1000 ഗുണഭോക്തക്കളുടെ വീട് നിർമാണത്തിനായുള്ള കരാർ ഒപ്പുവച്ചതായും പഞ്ചായത്ത് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ ഒ. അനിതാരാജു, സ്ഥിരം സമിതി അധ്യക്ഷൻമാരായ അനീഷ് കവളമുക്കട്ട, പി. അബ്ദുൾ ഹമീദ് ലബ്ബ, പഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി റെനി സൈമണ് എന്നിവർ പങ്കെടുത്തു.