ഏറന്പാടത്ത് കൃഷി നശിപ്പിക്കുന്ന കാട്ടാനയെ കണ്ടെത്താനായില്ല
1515365
Tuesday, February 18, 2025 4:05 AM IST
പോത്തുകൽ: വെള്ളിമുറ്റം മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടാനയെ ഏറന്പാടം വനമേഖലയിൽ കണ്ടെത്താനായില്ല. ഏറന്പാടം, കൊടീരി വനമേഖലകളിലാണ് കാഞ്ഞിരപ്പുഴ വനംസ്റ്റേഷനിലെ ജീവനക്കാർ കഴിഞ്ഞ രണ്ട് ദിവസമായി ആനയെ കണ്ടെത്താൻ തെരച്ചിൽ നടത്തിയത്.
ആന ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയതായാണ് ഉദ്യോഗസ്ഥർ കരുതുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളിമുറ്റം, കൊടീരി, ഏറന്പാടം, ഉപ്പടഗ്രാമം, ചീത്തുകല്ല്, കുറുന്പലങ്ങോട്, മാത പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണ് ഈ ആന വരുത്തിക്കൊണ്ടിരുന്നത്. കർഷകരുടെയും പൊതുജനങ്ങളുടെയും പരാതികളെത്തുടർന്ന് വനംവകുപ്പും പോത്തുകൽ ഗ്രാമപഞ്ചായത്തും സർവകക്ഷിയോഗം ചേർന്നിരുന്നു. ആനയെ തെരഞ്ഞ് കണ്ടെത്താനും തുടർന്ന് ഉൾവനത്തിലേക്ക് തുരത്താനുമായിരുന്നു യോഗ തീരുമാനം. എന്നാൽ ആന ഉൾക്കാട്ടിലേക്ക് മടങ്ങിപ്പോയതായാണ് സൂചന.