പഠനയാത്രയിൽ കണ്ടത് വേദിയിൽ അവതരിപ്പിച്ച് ശിവദ
1515362
Tuesday, February 18, 2025 4:05 AM IST
മേലാറ്റൂർ: പഠനയാത്രയിൽ കണ്ടത് പഠനോത്സവത്തിൽ അരങ്ങത്ത് അവതരിപ്പിച്ച് ശിവദ എന്ന വിദ്യാർഥിനിയുടെ പ്രകടനം ശ്രദ്ധേയമായി. രണ്ടുമാസം മുന്പ് ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂളിൽ നിന്ന് കുട്ടികളെ കേരള കലാമണ്ഡലത്തിലും മറ്റും പഠനവിനോദയാത്രക്കു കൊണ്ടുപോയിരുന്നു. അവിടെ വച്ച് വിദ്യാർഥികൾ ഓട്ടൻതുള്ളൽ കാണാനിടയായി. ഇതോടെ ശിവദ എന്ന കൊച്ചുമിടുക്കിക്ക് ഓട്ടൻതുള്ളൽ ഹരമായി.
തുടർന്ന് സ്കൂൾ അനുഭവങ്ങളും പാഠഭാഗങ്ങളും ഇതിവൃത്തമായി എടുത്ത് ശിവദ ഓട്ടൻതുള്ളൽ അഭ്യസിച്ചു. സ്കൂൾ പഠനോത്സവത്തിൽ നടന്ന പരിപാടിയിൽ ശിവദ ഓട്ടൻതുള്ളൽ അരങ്ങേറ്റം കുറിച്ചു ഏവരുടെയും പ്രശംസ നേടി. അധ്യാപികമാരായ രശ്മി രമേശ്, ഫലില, രചന, വിജിത എന്നിവർ പിന്തുണ നൽകി. കൂടുതൽ പരിപാടികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശിവദ.