ലൈഫ് പദ്ധതിയിൽ അംഗീകാരം നേടി പെരിന്തൽമണ്ണ നഗരസഭ
1515361
Tuesday, February 18, 2025 4:05 AM IST
പെരിന്തൽമണ്ണ: ലൈഫ് മിഷൻ പദ്ധതി പ്രവർത്തനങ്ങൾക്കുള്ള 2023-24 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അംഗീകാരം നേടി പെരിന്തൽമണ്ണ നഗരസഭ. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 400 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നിർമിച്ചു നൽകുകയും ഭൂമിയുള്ള ഭവനരഹിതരായ 1344 കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാക്കുകയും ചെയ്തത് കണക്കിലെടുത്താണ് പുരസ്കാരം.
മുൻകാലങ്ങളിൽ വീടിനുള്ള ആനുകൂല്യം ലഭിച്ചിട്ടും സാന്പത്തിക പ്രതിസന്ധി കാരണം വീട് നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത 50ലേറെ കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാക്കാൻ നൽകിയ പ്രവർത്തനങ്ങളും പരിഗണിക്കപ്പെട്ടു. ഭൂരഹിതരായ കൂടുതൽ ഭവന രഹിതർക്ക് ഫ്ളാറ്റ് നിർമിച്ച് നൽകിയ സംസ്ഥാനത്തെ ഏക നഗരസഭയും പെരിന്തൽമണ്ണയാണ്. ഇതിനായി നഗരസഭ 35 കോടി രൂപ ചെലവഴിച്ച് ഒലിങ്കരയിലാണ് 6.93 ഏക്കർ സ്ഥലം വാങ്ങിയത്.