ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
1513254
Wednesday, February 12, 2025 4:51 AM IST
ചുങ്കത്തറ: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ ടി.പി. റീനക്കെതിരേയാണ് യുഡിഎഫിലെ 10 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് നിലമ്പൂര്‍ ബിഡിഒക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇരുപത് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പത്ത് വീതം അംഗങ്ങളാണുള്ളത്. എന്നാല്‍, എല്‍ഡിഎഫ് പക്ഷത്തുള്ള അംഗങ്ങളില്‍ ചിലരില്‍ നിന്ന് പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫിന്റെ നീക്കം.
ഭരണസമിതി അധികാരത്തില്‍ വന്നശേഷം മൂന്നാം തവണയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ ഭരണകക്ഷിക്കെതിരേ അവിശ്വാസം വരുന്നത്. 10 വീതം അംഗങ്ങള്‍ ആയതോടെ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റായും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റായുമുള്ള യുഡിഎഫ് ഭരണസമിതിയാണ് ആദ്യം അധികാരത്തിലേറിയത്. എന്നാല്‍ അധികം വൈകാതെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരികയും ലീഗ് സ്വതന്ത്ര എം.കെ. നജ്മുന്നിസയുടെ എൽഡിഎഫിനെ പിന്തുണച്ചതോടെ വത്സമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റ്സ്ഥാനത്തു നിന്നും പുറത്തായി.
ലീഗ് സ്വതന്ത്ര എം.കെ. നജ്മുന്നിസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് നല്കിയ പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നജ്മുന്നിസയെ അയോഗ്യയാക്കി ഉത്തരവിറക്കി. ഇതോടെ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പതും അംഗങ്ങളായി. സിപിഎമ്മിലെ ടി.പി. റീന പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
കളക്കുന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിലെ കെ.പി. മൈമൂന വിജയിച്ചെങ്കിലും അംഗബലം തുല്യമായതിനാല്‍ ടി.പി. റീനയുടെ പ്രസിഡന്റ് പദവിക്ക് ഇളക്കം തട്ടിയില്ല. മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ ഇടപെടല്‍ കൂടിയായിട്ടാണ് ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നാണ് വിലയിരുത്തുന്നത്.