കാട്ടുപന്നിയിറച്ചിയുമായി ഒരാള്‍ പിടിയില്‍
1513226
Wednesday, February 12, 2025 4:19 AM IST
നിലമ്പൂര്‍: കാട്ടുപന്നിയുടെ മാംസം വീട്ടില്‍ നിന്ന് കണ്ടെടുത്ത കേസില്‍ അധ്യാപകനും പിതാവിനുമെതിരെ കേസെടുത്ത് വനംവകുപ്പ്. കാട്ടുപന്നിയെ ഇറച്ചിയാക്കി വീട്ടില്‍ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ വനം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് അധ്യാപകന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കിഴക്കേപറമ്പില്‍ ഡെന്നിസന് (48) അറസ്റ്റിലായത്.
ഇയാളുടെ പിതാവ് സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തു. ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ഇറച്ചി കണ്ടെടുത്തു. ഏകദേശം 10കിലോ ഇറച്ചിയാണ് കണ്ടെടുത്തത്.
നിലമ്പുര്‍ വനം വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. ബിജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി. രതീഷ്, എന്‍.പി. പ്രദീപ്കുമാര്‍, കൊടുമ്പുഴ വനം സ്റ്റേഷനിലെ ഷൈലജ മൂപ്പാലി, വനം വിജിലന്‍സ് വിഭാഗം ഡ്രൈവര്‍ അബ്ദുള്‍ നാസര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. കേസ് തുടര്‍നടപടികള്‍ക്കും അന്വേഷണത്തിനുമായി കൊടുമ്പുഴ സ്റ്റേഷനിലേക്ക് കൈമാറി.