തിരൂര്‍ക്കാട് ആനക്കയം റോഡ് അവഗണനയില്‍; പ്രക്ഷോഭം നടത്തുമെന്ന് എംഎല്‍എ
1512728
Monday, February 10, 2025 4:55 AM IST
മങ്കട: മങ്കട മണ്ഡലത്തിലെ പിഡബ്ല്യുഡി വകുപ്പിന്റെ അധീനതയിലുള്ള തിരൂര്‍ക്കാട് ആനക്കയം റോഡിനോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.
ബജറ്റ് നിര്‍ദേശങ്ങളില്‍ ആദ്യ പ്രവൃത്തിയായി ഈ റോഡ് നിര്‍ദേശിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് ഉണ്ടായത്. എംഎല്‍എ എന്ന നിലയില്‍ ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്രിയെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും സമീപിക്കുകയും കത്തുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമസഭ സമ്മേളനത്തിലും വിഷയം അവതരിപ്പിച്ചിരുന്നു.
റോഡ് പൂര്‍ണമായും പുനരുദ്ധാരണം ചെയ്താല്‍ മാത്രമേ ഗതാഗത യോഗ്യമാവുകയുള്ളൂവെന്ന കാര്യം മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ടും നടപടിയില്ല. റോഡ് ഗതാഗത യോഗ്യമാക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.