മണ്ണുപ്പാടത്ത് പട്ടാപകൽ പുലിയിറങ്ങി
1513017
Tuesday, February 11, 2025 4:37 AM IST
നിലമ്പൂർ: ചാലിയാർ മണ്ണുപ്പാടത്ത് പട്ടാപകൽ പുലിയിറങ്ങി. ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് റബർ തോട്ടത്തിൽ പുലി എത്തിയത്. പെട്ടെന്ന് പുലിയെ മുന്നിൽ കണ്ടതോടെ അകമ്പാടം സ്വദേശി ടാപ്പിംഗ് തൊഴിലാളി പ്രജിത്ത് ഓടി രക്ഷപ്പെട്ടു.
തോട്ടത്തിൽ പുലിയുണ്ടെന്ന് ഇയാൾ അറിയിച്ചതോടെ മറ്റ് തൊഴിലാളികളും പുലിയെ കണ്ട ഭാഗത്ത് നിന്നും തോട്ടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി. ആളുകള കണ്ടതോടെ പുലി ഓടി മറഞ്ഞു.
അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിലെത്തിയ വനപാലകർ മണ്ണ്റോഡിൽ പതിഞ്ഞ കാൽപ്പാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. രാത്രിയും പകലും കാട്ടാനകളും പുലികളും ഇറങ്ങി തുടങ്ങിയതോടെ ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിലാണ്. ഏതു സമയത്തും പുലിയുടെയും കാട്ടാനകളുടെയും മുമ്പിൽ പെടാവുന്ന അവസ്ഥയിലാണെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറഞ്ഞു.
പുലർച്ചെ ആറ് മണിയോടെ ഈ പുലിയെ മണ്ണുപ്പാടം ഇഷ്ടിക കളത്തിന് സമീപവും ആളുകൾ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരത്തുള്ള വേട്ടോക്കോടും പുലിയിറങ്ങുകയും വനംവകുപ്പ് സ്ഥിരികരിക്കുകയും ചെയ്തിരുന്നു.
അടിയന്തരമായി പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന നിലമ്പൂർ - അകമ്പാടം റോഡിൽ മണ്ണുപ്പാടം പെട്രോൾ പമ്പിന് 200 മീറ്റർ പിറകിലുള്ള റബർ തോട്ടത്തിലാണ് പുലി ഇറങ്ങിയത്.