കാട്ടാനയുടെ ആക്രമണം: തകർന്ന ട്രെഞ്ചുകളിൽ ആശങ്കയറിയിച്ച് പ്രിയങ്ക ഗാന്ധി
1513016
Tuesday, February 11, 2025 4:37 AM IST
നിലമ്പൂർ: മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ വനാതിർത്തിയിലെ ട്രെഞ്ചുകൾ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എംപി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധുക്കളെ വീട്ടിൽ സന്ദർശിച്ചപ്പോഴാണ് കാട്ടിൽ നിന്ന് ആനകൾ ഇറങ്ങാൻ കെട്ടിയ ട്രെഞ്ചിന്റെ ശോച്യാവസ്ഥയെ കുറിച്ച് കുടുംബവും പ്രദേശവാസികളും പ്രിയങ്കയോട് പരാതിപ്പെട്ടത്. തുടർന്ന് ട്രെഞ്ച് കാണണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.
ട്രെഞ്ച് നേരിൽ കണ്ട പ്രിയങ്ക പലയിടത്തും തകർന്നതും മണ്ണുമൂടിയതും കണ്ടു ആശങ്കയറിയിച്ചു. പ്രദേശവാസികളോടൊപ്പം ഏറെ നേരം ട്രെഞ്ചിന്റെ പല ഭാഗങ്ങളിൽ കണ്ട് അവരുടെ പരാതി കേട്ട പ്രിയങ്ക ആനകൾ ഇറങ്ങുന്നത് തടയാൻ നിലവിലെ ട്രെഞ്ചുകൾ അപര്യാപ്തമാണെന്ന് കൂടെ ഉണ്ടായിരുന്ന ഡിഎഫ്ഒ ധനിക് ലാലിനോട് പറഞ്ഞു.
പ്രദേശവാസികളുടെ പരാതി ന്യായമാണെന്നും നാല്പതോളം വർഷങ്ങൾക്ക് മുന്പ് പണിത ട്രെഞ്ചിന്റെ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും അവരെ ബോധ്യപ്പെടുത്തുന്ന നിലയിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടികൾ വേണമെന്നും അവർ അഭിപ്രായപ്പെട്ടു.
നിലവിലെ ട്രെഞ്ചുകൾ മണ്ണ് മാറ്റി ആഴം വർധിപ്പിക്കുന്നതിനും ട്രെഞ്ചിലെ കാട് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു.