ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍ നിന്ന് മുങ്ങി
1513258
Wednesday, February 12, 2025 4:51 AM IST
മഞ്ചേരി: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. കാരക്കുന്ന് കൈക്കോട്ടുംപറമ്പില് സജീര്‍ (19) ആണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. വിവാഹം നിശ്ചയിച്ച് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഈ മാസം മൂന്നിനാണ് സജീര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ 11.30നാണ് സംഭവം. വാര്‍ഡിലായിരുന്നു സജീറിനെ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇയാളെ കണ്ടില്ല. ബന്ധുക്കളും ആശുപത്രി ജീവനക്കാരും ശുചിമുറിയിലും തൊട്ടടുത്ത വാര്‍ഡിലും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ബന്ധുക്കള്‍ കുടുംബ വീടുകളിലും തിരക്കി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും സജീറിനെ കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരമാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ മനോജ് പറയറ്റ പറഞ്ഞു.
ഈ മാസം മൂന്നിനാണ് ഷൈമ സിനിവറി (18) നെ വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമയുടെ മരണത്തിന് പിന്നാലെ, സുഹൃത്തായ സജീര്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഷൈമയുടെ മരണവും സജീറിന്റെ തിരോധാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.