ലാപ്ടോപ്പ് ഇല്ല, പകുതി വില തിരിച്ചു നല്കി; നജീബ് കാന്തപുരത്തിനെതിരായ പരാതി പിന്‍വലിച്ചു
1513229
Wednesday, February 12, 2025 4:19 AM IST
പെരിന്തല്‍മണ്ണ: പകുതി വില തട്ടിപ്പു കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ നല്കിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.
ലാപ്ടോപ്പിന്റെ പകുതി വിലയായി നല്കിയ 21,000 രൂപ എംഎല്‍എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് തിരികെ നല്‍കിയതായി വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞു. മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് ലാപ്ടോപ്പിനായി അടച്ച തുക തിരികെ ലഭിച്ചതായും തുടര്‍ന്ന് പരാതി പിന്‍വലിക്കാനുള്ള അപേക്ഷ സ്റ്റേഷനില്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
നജീബ് കാന്തപുരം എംഎല്‍എക്കെതിരേ പകുതി വില തട്ടിപ്പ് കേസില്‍ പരാതി ഉയരുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം സമരം ശക്തിപ്പെടുത്തുകയും എംഎല്‍എ ഓഫീസിനുനേരെ കരിഓയില്‍ ഒഴിക്കുന്ന സംഭവം വരെയും ഉണ്ടായി.
തുടര്‍ന്നാണ് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പണം നല്‍കുന്നത് വരെ കാത്ത് നില്‍ക്കാതെ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് പരാതിക്കാര്‍ക്ക് പണം തിരികെ നല്കി ഒത്തുതീര്‍പ്പ് വ്യവസ്ഥയിലേക്ക് എത്തിയത്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് വഴി 316 വിദ്യാര്‍ഥികളാണ് 21000 രൂപ മുതല്‍ 27000 രൂപ വരെ ലാപ്ടോപ്പിനായി അടച്ചിട്ടുള്ളത്.
168 പേര് സ്കൂട്ടറിന്റെ മുന്‍കൂര്‍ പണമായി 60000 രൂപയും അടച്ചിട്ടുണ്ട്. 24 പേര് തയ്യല്‍ മെഷീനിനും 24 പേര് ഗൃഹോപകരണങ്ങള്‍ക്കും പണം അടച്ചിട്ടുണ്ട്. മുഴുവന്‍ ആളുകള്‍ക്കും പണം തിരികെ നല്കണമെങ്കില് രണ്ടര കോടിയോളം രൂപ വേണ്ടി വരും. നിലവില്‍ പരാതിയുമായി രംഗത്തെത്തിയവര്ക്കാണ് പണം നല്കി ഒത്തുതീര്പ്പിലെത്തിയിട്ടുള്ളത് എന്നാണ് വിവരം.