സര്‍ക്കാരിന്റേത് ജനകീയ കലകളെ സംരക്ഷിക്കുന്ന നിലപാട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1512734
Monday, February 10, 2025 4:59 AM IST
കൊണ്ടോട്ടി: ജനകീയ കലകളെ ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ ഇവയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാഡമിയില്‍ എട്ടു ദിവസങ്ങളിലായി നടന്ന വൈദ്യര് മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിള കലകളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അവയെ പുതുതലമുറയില്‍ എത്തിക്കുന്നതിനും സ്ഥാപനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അക്കാഡമിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത "പാട്ടും ചുവടും’ ഡോക്യുമെന്ററി പ്രകാശനം മുന്‍ മന്ത്രിയും അക്കാഡമി അംഗവുമായ ടി.കെ. ഹംസ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഭദ്രാ ശിവദാസന്‍,
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍. പ്രമോദ്ദാസ്, അക്കാഡമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരലി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജോയിന്റ് സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹ്മാന്, ഒ.പി. മുസ്തഫ, രാഘവന് മാടമ്പത്ത്, വി. നിഷാദ്, റഹീന കൊളത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.