വന്യമൃഗശല്യം: കാഞ്ഞിരപ്പുഴ വനംസ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
1513252
Wednesday, February 12, 2025 4:51 AM IST
എടക്കര: വന്യമൃഗശല്യം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ വനംസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എരുമമുണ്ട ടൗണില്‍ നിന്ന് പ്രകടനമായെത്തിയ സമരക്കാരെ വനം ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുര്‍ന്ന് നടത്തിയ ധര്‍ണ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യം ചെറുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമ്പോള്‍ 40 ശതമാനം കൊടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാകാതെ ഫണ്ട് ലാപ്സാക്കുകയാണെന്ന് ജോയ് കുറ്റപ്പെടുത്തി.
കോടിക്കണക്കിന് രൂപയുടെ തേക്ക് ഉള്‍പ്പെടെയുള്ള വനസമ്പത്ത് സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുമ്പോഴും ഈ പണത്തിന്റെ 10 ശതമാനമെങ്കിലും ഈ നാട്ടിലെ പാവപ്പെട്ടവനെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പോത്തുകല്‍ മണ്ഡലം പ്രസിഡന്റ് രാജു തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ വനംസ്റ്റേഷനില് ഡിഎഫ്ഒ, എസിഎഫ് എന്നിവരുടെ സാന്നിധ്യത്തില്‍ വന്യമൃഗശല്യം നേരിടുന്ന കര്‍ഷകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞത്. എം.എ. ജോസ്, മുബാറക്, വിജയന് നീലാമ്പ്ര, കുഞ്ഞുട്ടി കോലോംപാടം, സന്തോഷ് മാത്യു, ഷംസു കൊമ്പന്, ബാപ്പു കോലോംപാടം, കെ.ടി. നഷീദ് എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുള്‍ഗഫൂര്‍ എരഞ്ഞിക്കല്‍, റീന ജിജോ, ആലിയാപ്പു കൂത്രാടന്‍, ഇസ്ഹാഖ് ആലായി, നാസര്‍ സ്രാമ്പിക്കല്‍, സി.കെ. ഷാജുല്‍ അര്‍ഷക്, എബിന് ചെമ്പനാല്‍ എന്നിവര്‍ നേതൃത്വം നല്കി.