അനധികൃത മണ്ണ് ഖനനം: വാഹനങ്ങള്‍ പിടിച്ചെടുത്തു
1513256
Wednesday, February 12, 2025 4:51 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കില്‍ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ റവന്യൂ വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃത മണ്ണ് ഖനനം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു.
പൂക്കോട്ടുംപാടത്ത് മണ്ണ് ഖനനം നടത്തിയതില്‍ ഒരു ടിപ്പറും മണ്ണുമാന്തി യന്ത്രവും പോത്തുകല്ല് കരിങ്കല്ല് ഖനനം നടത്തിയതിനെ തുടര്‍ന്ന് ഒരു ടിപ്പര്‍, നിലമ്പൂര്‍ മൈലാടി പാടം നികത്തുകയായിരുന്ന ഒരു ടിപ്പര്‍ ലോറി, പൂക്കോട്ടുംപാടത്ത് കല്ല് നീക്കം ചെയ്ത ഒരു ടിപ്പര്‍, വഴിക്കടവ് മണ്ണ് ഖനനം ചെയ്ത ഒരു ടിപ്പര്‍, മണ്ണുമാന്തി യന്ത്രം, വണ്ടൂര്‍ വില്ലേജില്‍ നിന്ന് ഖനനം നടത്തുകയായിരുന്ന ഒരു ടിപ്പര്‍, തിരുവാലി വില്ലേജില്‍ നിന്ന് ഒരു ടിപ്പര്‍, മണ്ണുമാന്തി യന്ത്രം എന്നിവ പിടിച്ചെടുത്തു.
തഹസില്‍ദാര്‍ എം.പി. സിന്ധുവിന്റെ നിര്‍ദേശ പ്രകാരം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വില്ലേജ് ഓഫീസര്‍മാരായ സജീവ്, വിനോദ്, എന്‍.വി. ഷിബു, എസ്. ബിജു, രാജീവ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രമോദ്, അരവിന്ദാക്ഷന്, ബാബുരാജന്, സ്പെഷല്‍ വില്ലേജ് ഓഫീസര്‍മാരായ നിതിന്‍, ജേക്കബ്, ശരത്, അജേഷ്, ജീവനക്കാരായ സുഹൈല്‍, അഖിലേഷ്, റിയാസ് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.